Tuesday, May 15, 2007

കാട്ട്‌പൂക്കള്‍

ഓണക്കാലം ശ്രദ്ധിച്ചീട്ടുണ്ടോ? ഓരോ കുഞ്ഞ് ചെടിയും ഓരോ കുഞ്ഞു പൂവുമായി ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്‍ാവും. എനിക്കും ഇതാ ഒരു പൂക്കാലം എന്ന് പറഞ്ഞ് കൊണ്ട് തലയാട്ടും. കുട്ടികാലത്തൊക്കെ ധാരാളം തുമ്പയും, മുക്കുറ്റിയും കൊങ്ങിണിയും, പേരറിയാത്ത അനേകം പൂ‍ക്കളും ചിങ്ങവെയില്‍ തട്ടി ചിരിച്ചു നില്‍ക്കുന്നത് മനം കുളിര്‍ക്കുന്ന കാഴ്ചയായിരുന്നു. കൌമാരത്തിലെത്തിയതോടെ തുമ്പപൂക്കളെ കണ്ടു കിട്ടുക അപൂര്‍വ്വമായി. പിന്നെ പിന്നെ അവ തീരെ ഇല്ലാതെയായി. അഥവാ അതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലായിരുന്നു. തിരക്കുകളൊഴിഞ്ഞപ്പോള്‍ തലയാട്ടി ചിരിക്കുന്ന ഒരു പൂവിനെ പോലും കാണാനില്ലല്ലോ എന്ന ചിന്ത ആശങ്കപ്പെടുത്തിയെങ്കിലും അവ നഗരം വീട്ട് നാട്ടിലേയ്ക്കും കാട്ടിലേയ്ക്കും കുടിയേറിയിരിക്കാം എന്നോര്‍ത്ത് സമാധാനിച്ചു.

വിശുദ്ധമായ ഒരു ഗ്രാമത്തിലേയ്ക്ക് ഒരോണ കാലത്ത് വലത് കാലും വച്ച് കയറി ചെന്നപ്പോള്‍ തുമ്പയും, മുക്കൂറ്റിയും പേരറിയാ കുഞ്ഞി പൂക്കളും എന്നെ കാത്തിരിക്കുന്നുണ്ടാകും എന്ന വെറുതെ വിശ്വസിച്ചു. കരിയില മൂടി പരന്ന് കിടക്കുന്ന പൂക്കളില്ലാത്ത റബ്ബര്‍ തോട്ടങ്ങള്‍ക്ക് പറയാന്‍ ഒരേ കഥകളായിരുന്നു. പാഴായി പോയ പരമ്പരാഗത കൃഷിയും റബ്ബറിന്റെ മനം മയക്കുന്ന വിലയും. എന്റെ പൂക്കളേയും, അവരുടെ തുമ്പികളേയും ഞാന്‍ ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചയച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ‘കേരളത്തിലെവിടെ പെണ്‍കുട്ടി ഗ്രാമങ്ങള്‍‘ എന്ന് റബ്ബര്‍ മരങ്ങള്‍ കളിയാക്കി. അന്നാദ്യമായി ഞാന്‍ റബ്ബര്‍ മരങ്ങളെ വെറുത്തു. എന്നാലും 100 നാളികേരത്തിന്റെ 400 രൂപയും ഒരു കിലോ റബ്ബറിന്റെ 80 രൂപയും പറഞ്ഞ് അവരെന്റെ വായമൂടി കെട്ടി.

പിന്നീടൊരു യാത്രയില്‍ തഞ്ചാവൂരിനാടുത്തുള്ള ഗ്രാമങ്ങ്ങളില്‍ നിരന്ന് നില്‍ക്കുന്ന കേരവൃഷങ്ങള്‍ കണ്ടെന്റെ മനം കുളിര്‍ത്തു. തെങ്ങില്‍ തോപ്പില്‍ വളരുന്ന പേരറിയാ പൂ‍ക്കള്‍ തലയാട്ടി ചിരിച്ചു.അന്ന് തമിഴനെ ഞാന്‍ ആദ്യമായി സ്നേഹിച്ചു. അവര്‍ക്ക് വെറുപ്പ് കലരാത്ത വെള്ളം കൊടുക്കണമെന്ന് മനസ്സില്‍ പറഞ്ഞു. ഇവരാരും റബ്ബറിനെ കുറിച്ചറിയല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ഗ്രാമങ്ങളില്ലാത്ത,വികസനം കൊണ്ട് പകരം വയ്ക്കനാവാത്ത പൂക്കള്‍ക്ക് പകരം ഒരു കിലോ റബ്ബറ്രിന്റെ വില പറയുന്ന കേരളത്തെ ഇവരറിയരുതേ എന്നഗ്രഹിച്ചു. കേരളത്തിലെ റബ്ബര്‍ കര്‍ഷകന്‍ എന്നോട് പൊറുക്കട്ടെ.

മരുഭൂമിയിലെ വസന്തത്തില്‍ വന്ന പേരറിയാ പൂക്കള്‍ എന്റെ കണ്ണും മനസ്സും നിറച്ചു. ഒരു വികസിത രാജ്യം അവയെ സംരക്ഷിക്കുന്ന രീതി അതിശയിപ്പിച്ചു. പക്ഷേ പാത്രകടവിലെ പൂക്കള്‍ എന്റെ കണ്ണ് നനച്ചു. വൈദ്യുതി കൊണ്ട് പകരം വയ്ക്കാന്‍ കഴിയാത്ത അവയെ പരിചയപ്പെടുത്തി തന്ന ജോസഫ് ആന്റണിയ്ക്ക് കൊടുക്കാന്‍ ഈ കാട്ട് പൂക്കള്‍ മാത്രം.









































12 comments:

Anonymous said...

നല്ല ചിത്രങ്ങള്‍.. പിന്നെ, ഈ ജോസഫ് ആന്റണി മാതൃഭൂമിയിലെ ജോസഫ് ആന്റണിയാണോ?

സാജന്‍| SAJAN said...

ചില പൂക്കള്‍ ഒക്കെ കാണാന്‍ എന്തു ഭംഗിയുണ്ട് ഡാലി..:)
നന്ദി ഇതിന്റെ ഒന്നിന്റേയും പേരറിലില്ലയിരിക്കും അല്ലേ?
ഇവിടെയും ഉണ്ട് നൂറുക്കണക്കിനു വറൈറ്റി കാട്ടുപൂക്കള്‍.. ഒരിക്കല്‍ പോസ്റ്റണമെന്നു വിചാരിക്കുന്നു...!

Areekkodan | അരീക്കോടന്‍ said...

ഇതെല്ലാം കാട്ടുപൂക്കള്‍ തന്നെയോ?ആ കാട്‌ ഏതാ?

അപ്പു ആദ്യാക്ഷരി said...

“കരിയില മൂടി പരന്ന് കിടക്കുന്ന പൂക്കളില്ലാത്ത റബ്ബര്‍ തോട്ടങ്ങള്‍ക്ക് പറയാന്‍ ഒരേ കഥകളായിരുന്നു. പാഴായി പോയ പരമ്പരാഗത കൃഷിയും റബ്ബറിന്റെ മനം മയക്കുന്ന വിലയും. എന്റെ പൂക്കളേയും, അവരുടെ തുമ്പികളേയും ഞാന്‍ ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചയച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ‘കേരളത്തിലെവിടെ പെണ്‍കുട്ടി ഗ്രാമങ്ങള്‍‘ എന്ന് റബ്ബര്‍ മരങ്ങള്‍ കളിയാക്കി...”

ഡാലിച്ചേച്ചീ.... നല്ല പോസ്റ്റ്. ഇനി നമുക്കീ കാട്ടുപൂക്കള്‍ കാണാന്‍ വേറെ രാജ്യങ്ങളില്‍ പോകേണ്ടിവരും. ഈ പൂക്കളെല്ലാം ഇസ്രയേലിലാണോ?

Inji Pennu said...

ആദ്യം ഭക്ഷണം പിന്നെ പാര്‍പ്പിടം ഡാലീസ്. വികസിത രാജ്യങ്ങളില്‍ ഇത് രണ്ടും ഉള്ളതുകൊണ്ട് അവര്‍ക്ക് ഇതെല്ലാം സംരക്ഷിക്കാനും ഫണ്ടും സ്ഥലവും ഉണ്ട്. environmentനെക്കുറിച്ച് ഏറ്റവും അധികം പറയുന്ന മുന്‍ വൈസ് പെ. ആല്‍ ഗോറിന്റെ ഇലക്റ്റ്രിസിറ്റി ബില്‍ 5000 ഡോളര്‍. അവരാരും അവരുടെ കംഫര്‍ട്ട് കുറച്ചിട്ടല്ല ഈ പ്രസംഗിക്കുന്നത്. വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഏ.സി പുറത്ത് വിടുന്ന വിഷവാതകങ്ങളാണ് ഓസോണ്‍ ലെയറിന്റെ തുളയിലൂടെ കാണാന്‍ സാധിക്കുന്നത്. ശ്രദ്ധിച്ചുട്ടുണ്ടൊ അതേ അവര്‍ തന്നെയാണ് നമ്മളെപ്പോലുള്ള രാജ്യങ്ങള്‍ നശിപ്പിച്ചുകളയുന്നതിനെക്കുറിച്ച് നെടുവീര്‍പ്പിടാറ്.

നമ്മളെപ്പോലുള്ളവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ആവുമ്പോള്‍ environment protection നും ഒരു ഫാഡ് ആവും, നമ്മളും സംരക്ഷിക്കും.

(യ്യോ, പോയി ഏ.സി ഓഫ് ചെയ്തു ഫാന്‍ ഇടാം. ഇത്രേം പ്രസംഗിച്ചതല്ലേ? എന്റെ വീട്ടീന്ന് തുടങ്ങാം) :)

ഈയിടെ വേളാംങ്കണ്ണിക്ക് പോയപ്പോള്‍ ഞാനും കണ്ടു തമിഴ്നാട് മുഴുകന്‍ ചെമ്മീന്‍ കെട്ടും, തെങ്ങും വാഴയും! കുശുമ്പ് വന്നു!

Unknown said...

environmentനെക്കുറിച്ച് ഏറ്റവും അധികം പറയുന്ന മുന്‍ വൈസ് പെ. ആല്‍ ഗോറിന്റെ ഇലക്റ്റ്രിസിറ്റി ബില്‍ 5000 ഡോളര്‍. അവരാരും അവരുടെ കംഫര്‍ട്ട് കുറച്ചിട്ടല്ല ഈ പ്രസംഗിക്കുന്നത്.

ഇഞ്ചീ, അതങ്ങേരുടെ ഒരു മാസത്തിലെയോ? അതോ ഒരു വര്‍ഷത്തെ പവര്ബില്ലാണോ അതു്?


ഈയിടെ വേളാംങ്കണ്ണിക്ക് പോയപ്പോള്‍ ഞാനും കണ്ടു തമിഴ്നാട് മുഴുകന്‍ ചെമ്മീന്‍ കെട്ടും, തെങ്ങും വാഴയും! കുശുമ്പ് വന്നു!


അസൂയപ്പെട്ടിട്ടു കാര്യമുണ്ടോ? കൃഷിയൊക്കെ പണ്ടേ നമ്മള്‍ ഔട്ട്‌സോഴ്സ് ചെയ്തതല്ലേ?

അവരും വടക്കോട്ട് ഔട്ട്‌സോഴ്സ് ചെയ്താല്‍ മലനാടു് പട്ടിണിയായി പോവില്ലേ?

Kalesh Kumar said...

Daly, Pookkaaalam aanallo!
Kalakki!

Inji Pennu said...

ഏവൂരാന്‍ ജി
ഞാന്‍ ഔട്ട് സോര്‍സിങ്ങ് അല്ല. കേരളത്തില്‍ ഓരോ വീട്ടിലും അഞ്ച് സെന്റ് ആയാലും രണ്ട് സെന്റായലും എന്തെങ്കിലും പച്ചക്കറി നട്ടു പിടിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കാന്‍ പോവാണ്. മഴ വെള്ള സംഭരണവും. വെയിറ്റ് എ മിനുറ്റ്, ഞാന്‍ മുഖ്യമന്ത്രിയല്ലാ ല്ലെ? :)
കേരള‍ത്തിനു പറ്റിയ ഒന്നാണ് കമ്മ്യൂണിറ്റി ഫാര്‍മിങ്ങ്. ഓരോവീട്ടാരും ഓരോ പച്ചക്കറി ഉണ്ടക്കുന്നു. അതു സിറ്റിയിലായാലും ഗ്രാമത്തിലായാലും.എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഷേര്‍ ചെയ്യുന്നു. ആഹാ, എത്ര നല്ല നടക്കാത്ത സ്വപ്നം! എന്തായാലും ഞാനൊന്ന് നാട്ടിലോട്ട് തിരിച്ച് ചെല്ലട്ടെ...എന്നിട്ട് വേണം! :)
അമേരിക്കയില്‍ പോലും ഞാന്‍ മാക്സിമം പച്ചക്കറികള്‍ സ്വന്തമായാണ് ഉണ്ടാക്കുന്നത്. കുടുസ്സ് അപ്പാര്‍ട്ടമെന്റുകളില്‍ ആയിരുന്നപ്പോള്‍ പോലും സമ്മറില്‍ ഞാന്‍ പച്ചക്കറികള്‍ കടയില്‍ നിന്ന് തീരെ കിട്ടാത്തതേ വാങ്ങുമായിരുന്നുള്ളൂ. ബാക്കിയെല്ലാം ചട്ടിയില്‍ എന്റെ ബാല്‍ക്കണിയിലും ലിവിങ്ങ് റൂമിലും ഉണ്ടാവുമായിരുന്നു....


ആല്‍ ഗോറിന്റെ ബില്ല് 30,000$ ആണ് വര്‍ഷം ഒരു വീട്ടിലേത് മാത്രം. രണ്ടു വീട്ടിലേയും കൂടി
കൂടിയെടുത്തിട്ടാണെന്നു തോന്നുന്നു 5000$ കണക്ക് . എവിടെയോ വായിച്ചതാണ്. റൈറ്റ് വിങ്ങുകാര്‍ കൊട്ടിഘോഷിച്ചോണ്ട് നടപ്പുണ്ടല്ലൊ റേഡിയോ ആയ റേഡിയോ മൊത്തം അത് ;)

Mr. K# said...

നല്ല പൂക്കള്‍

അപ്പൂസ് said...

കാണാത്ത, പേരറിയാത്ത ഈ പൂക്കള്‍ക്ക് നല്ല ഭംഗി!

ഡാലി said...

ബെന്നി, അതേ ഈ ജോസഫ് ആന്റണി മാതൃഭൂമിയിലെ തന്നെ.

സാജന്‍, പേര് ഒന്നു രണ്ടെണ്ണത്തിന്റെ അറിയാം. ബാക്കി അറിയില്ല. അപ്പോള്‍ പീന്നെ ഒന്നിനും വേണ്ടാന്ന് വച്ചു. തീര്‍ച്ചയായും അവിടുത്തെ പൂക്കള്‍ പോസ്റ്റണേ

അരീക്കോടന്‍, അപ്പു, ഇതൊക്കെ കാട്ട് പൂക്കള്‍ തന്നെ. ഇവിടെയുള്ള ബെത്‌ലേഹം എന്ന സ്ഥലത്തെ (ഈശോ ജനിച്ച ബത്‌ലേഹം അല്ല)ഒരു മലയിലേ റിസേര്‍വ്ഡ് വനമാണ്

ഇഞ്ചി, ഞാന്‍ എഴുതിയതൊക്കെ ഒന്നൂടി വായിക്ക്. ഇമ്പോസിഷ്ന്‍ ഉണ്ട്.“നാളികേരത്തിന്റെ 400 രൂപയും ഒരു കിലോ റബ്ബറിന്റെ 80 രൂപയും പറഞ്ഞ് അവരെന്റെ വായമൂടി കെട്ടി.“
ഞാനീ കര്‍ഷകരോട് എങ്ങനെ പരിസ്ഥിതിയെ കുറിച്ച് സംസാരിയ്ക്കും എന്നോര്‍ത്ത് വായ അടച്ച് വച്ചിരീക്കുക തന്നെയാണ്. പച്ചക്കറി കൃഷിയൊക്കെ ഐഡിയ കൊള്ളാം. ഒരു ജനലിന്റെ ഷേഡ് പോലും സ്വന്തമായില്ലാത്തവര്‍ എന്തു ചെയ്യും ഇഞ്ചീ?

ഏവൂര്‍ജി, സത്യായും തഞ്ചാവൂര്‍ ഭാഗത്ത് തെങ്ങിന്‍ തോപ്പുകള്‍ കണ്ടാല്‍ ഒരു ചെറിയ കുശുമ്പ് വരും.

കലേഷേട്ടാ, ഇതുപോലെയുള്ള പൂക്കളൊക്കെ പറിച്ച് കഴിഞ്ഞ തവണ പൂക്കളം ഇട്ടു.

കുതിരവട്ടന്‍, അപ്പൂസ് പൂക്കള്‍ കാണാന്‍ വന്നതിനു നന്ദി

ഡാലി said...
This comment has been removed by the author.